പെറ്റമ്മയെ വെട്ടിക്കൊന്ന പരശുരാമനെ അവതാരമായി ആരാധിക്കുന്നു ആർഷസംസ്കാരം. പുഷ്കരൻ കലിയെ കൂട്ടുപിടിച്ച് ജ്യേഷ്ഠനായ നളനെ രാജ്യഭ്രഷ്ടനാക്കി രാജ്യം പിടിച്ചെടുത്തു. സഹോദരനായ സുഗ്രീവനെ ഓടിച്ച് ബാലി അയാളുടെ രാജ്യത്തെയും ഭാര്യയെയും സ്വന്തമാക്കി. സുഗ്രീവൻ രാമനെക്കൊണ്ട് സഹോദരനെ കൊല്ലിച്ചു. വിഭീഷണൻ സഹോദരനായ രാവണനെ ഒറ്റിക്കൊടുത്ത് കൊല്ലിച്ച് അയാളുടെ രാജ്യം സ്വന്തമാക്കി. ധൃതരാഷ്ട്രരും പാണ്ഡുവും സഹോദരങ്ങളായിരുന്നു. പാണ്ഡവരും കൗരവരും രക്തബന്ധുക്കളായിരുന്നു. കർണ്ണനും അയാളെ കൊന്ന അർജ്ജുനനും ഒരമ്മപെറ്റ മക്കളായിരുന്നു. ശ്രീകൃഷ്ണൻ കൊന്നത് സ്വന്തം അമ്മാവനെയാണ്. കംസൻ സ്വന്തം സഹോദരിയെ ജയിലിലിടുകയും അവളുടെ മക്കളെ കൊല്ലുകയും ചെയ്തു. ആർഷസംസ്കാരത്തിൽ രക്തബന്ധത്തിന്റെ നിരർത്ഥകത വ്യക്തമാക്കുന്ന കഥകൾ ഇങ്ങനെ ധാരാളമുണ്ട്. ആദ്യജാതനായ കയീൻ സഹോദരനായ ആബേലിനെ അസൂയമൂലം കൊന്നുകളഞ്ഞെന്ന് ബൈബിൾ. രക്തം രക്തത്തെ തിരിച്ചറിയുകയില്ല എന്നാണ് ഈഡിപ്പസ് രാജാവിന്റെ ചരിതം പറയുന്നത്. മാതാപിതാക്കൾ മക്കളെ കൊല്ലുന്നതും മക്കൾ മാതാപിതാക്കളെ കൊല്ലുന്നതും സഹോദരങ്ങൾ പരസ്പരം കൊല്ലുന്നതും ആധുനികലോകത്തിലും സ്ഥിരം പത്രവാർത്തയാണ്. മാതാപിതാക്കളും സഹോദരങ്ങളും ഒക്കെത്തമ്മിലുള്ള കേസുകൾ എത്രയാണ്! രക്തബന്ധമല്ല സ്നേഹബന്ധമാണ് പ്രധാനം. മനുഷ്യവംശത്തിന്റെ നിലനില്പിന് ആധാരമായ സ്ത്രീപുരുഷബന്ധത്തിന്റെ അടിസ്ഥാനം പോലും രക്തബന്ധമല്ല, സ്നേഹബന്ധമാണ്. സ്നേഹമില്ലെങ്കിൽ ഒരു ബന്ധത്തിനും അർത്ഥമില്ല. എന്റെ കാര്യം പറഞ്ഞാൽ, എന്നെ സ്നേഹിക്കുന്നവർ മാത്രമാണ് എന്റെ ബന്ധുക്കൾ. എന്നെ സ്നേഹിക്കാത്തവർ എനിക്കാരുമല്ല. എന്നെ ദ്രോഹിച്ചവരെ തിരിച്ചുദ്രോഹിക്കാൻ ഞാൻ ആയുസ്സ് പാഴാക്കാറില്ല. അവരിൽനിന്ന് അകന്നുപോകും. പക്ഷേ ദ്രോഹിച്ചവരെ സ്നേഹിക്കാൻ എനിക്കു കഴിവില്ല. എന്നാൽ രക്തബന്ധത്തിനും രക്തശുദ്ധിക്കും സ്നേഹത്തേക്കാൾ പ്രാധാന്യം കല്പിച്ച ഒരാൾ ഉണ്ടായിരുന്നു. ഹിറ്റ്ലർ.